Est. 2000
Contact Us / Whatsapp : +91 8547308180

ആറ്റുംമണമ്മേലെ ഉണ്ണിയാര്‍ച്ച

ഉണ്ണിയാര്‍ച്ച

ആറ്റുംമണമ്മേലെ ഉണ്ണിയാര്‍ച്ച 
പുത്തൂരം വീട്ടിലെ കണ്ണപ്പച്ചേകവരുടെ മകളായ ഉണ്ണിയാര്‍ച്ച . സഹോദരന്‍ ആരോമല്‍ ചേകവരൊപ്പം വളരെ ചെറുപ്പത്തില്‍ത്തന്നെ കളരിപ്പയറ്റിലെ വിവിധ മുറകള്‍ പരിശീലിച്ചു. അതുകൊണ്ട് തന്നെ ഒരു പുരുഷന് ചേര്‍ന്ന കരുത്തും പെണ്ണിന്റെ നിശ്ചയദാര്‍ഷ്ഢ്യവും അവള്‍ക്കുണ്ടായിരുന്നു.
നെറികേടുകണ്ടാല്‍ നേരിട്ടെതിര്‍ക്കാന്‍ മടിയില്ലാത്ത പുത്തൂരം വീട്ടിലെ ഈ വീരാംഗനക്ക്  ആങ്ങളയായ ആരോമലും അമ്മാവന്റെ മകനായ ചന്തുവും ആയിരുന്നു  കളിക്കൂട്ടുകാര്‍. കുട്ടിക്കാലം മുതല്‍ ചന്തുവിനോട് കാണിച്ച ചങ്ങാത്തം വളര്‍ന്നപ്പോള്‍ ചന്തുവിനത് പ്രണയമായി.
ചന്തുവിന്റെ പകയും കുടുംബകലഹവും ഉണ്ണിയാര്‍ച്ചയെ അയാളില്‍ നിന്നും അകറ്റുകയായിരുന്നു. അങ്ങനെ കൗ മാരത്തില്‍ ഉണ്ണിയാര്‍ച്ച  ചന്തുവിന് കൊടുത്ത വാക്ക് തെറ്റിക്കേണ്ടി വന്നു.
പിന്നീട് ഉണ്ണിയാര്‍ച്ചയെ വിവാഹം ചെയ്തുകൊടുത്തത് ആറ്റുംമണമ്മേലെ കുഞ്ഞിരാമന്‍ ആയിരുന്നു. പിന്നീടവള്‍ ആറ്റുംമണമ്മേലെ ഉണ്ണിയാര്‍ച്ചയായി.
കുഞ്ഞിരാമന്‍ പുതുശ്ശേരിക്കളരിയില്‍ കളരി പരിശീലിപ്പിച്ചിരുന്നു. എങ്കിലും അദ്ദേഹം ജന്മനാ ഒരു ഭീരുവായിരുന്നു. ഉണ്ണിയാര്‍ച്ചയുടെ ധൈര്യവും വീര്യവുമൊന്നും കുഞ്ഞിരാമനുണ്ടായിരുന്നില്ല.

അല്ലിമലര്‍ക്കാവില്‍ കൂത്തുകാണാന്‍ പോകുന്നു

ആറ്റുമണമ്മേലെ കുഞ്ഞിരാമന്റെ അനുസരണയുള്ള ഭാര്യയായി ഉണ്ണിയാര്‍ച്ച  ജീവിച്ചുതുടങ്ങി. അങ്ങിനെ ഒരു ദിവസം അല്ലിമലര്‍ക്കാവില്‍ കൂത്ത്നടക്കുന്നത് അവള്‍ സ്വപ്നം കണ്ടു. അയലത്തെ പെണ്ണുങ്ങള്‍ കൂത്തുകാണാന്‍ പോകുന്നുണ്ടെന്ന് അവള്‍ അറിയാനിടയായി.
പുലരുവാനേഴര രാവുള്ളപ്പോള്‍ എഴുന്നേറ്റ് കുളിച്ചൊരുങ്ങി കുറിവരച്ച് ആടയാഭരങ്ങളെല്ലാം ഇട്ടണിഞ്ഞൊരുങ്ങി ഉണ്ണിയാര്‍ച്ച  അച്ഛനോടു പറഞ്ഞു
.” ഞാന്‍ അല്ലിമലര്‍ക്കാവില്‍  ഇത്തവണത്തെ കൂത്ത് കാണാന്‍  പോവുകയാണച്ഛാ”
”അയ്യോ അവിടെ പോകാന്‍ നിനക്കാരുണ്ട് തുണ വരാന്‍”

”എന്റെ ഭര്‍ത്താവ് കുഞ്ഞിരാമന്‍  തുണവരും അച്ഛാ”

 ”അവനെങ്ങനെ വരും കളരിയില്‍ എന്നും പയറ്റില്ലേ”

” അതിനെന്താ ഒരു നാള്‍ എനിക്ക്  തുണവരാം”

”നീ വിചാരിച്ചപോലല്ല വഴിയില്‍ ജോനകരുടെ ശല്യം ഈയിടെയായി കൂടുതല്‍ ഉണ്ട് ”
”അതിലെനിക്കു തെല്ലും ഭയമില്ല”

” എന്തായാലും തനിയെ പോകരുത് പെണ്ണേ”

ഇത് കേട്ട് ഉണ്ണിയാര്‍ച്ചയ്ക്ക് കോപംവന്നു. പാണനെ തുണയ്ക്ക് കൂട്ടികൊണ്ടു പോകാന്‍ പറ്റില്ലെന്നവള്‍ തീര്‍ത്തുപറഞ്ഞു.കൂട്ടിനാളില്ലെങ്കില്‍ ഒറ്റക്ക് പുറപ്പെടാനുള്ള അവളുടെ നീക്കം കണ്ട് അമ്മ പേടിച്ച് കരഞ്ഞു.

” എന്റെ ഉണ്ണിയാര്‍ച്ചേ നീ എന്റെ മകനെ കൊണ്ടുപോയി കൊല്ലിക്കരുത് ”

ഇതുകേട്ട ആര്‍ച്ചയുടെ മറുപടി:
” പുത്തൂരം  വീട്ടിലെ  കണ്ണപ്പ ചേകവരുടെ മകളായ ഞാന്‍ ജോനകരെ പേടിച്ച് കൂത്ത് കാണാന്‍ പോകാതിരിക്കില്ല. എനിക്ക്  കൂത്ത്  കണ്ടേപറ്റൂ ”

കാര്യങ്ങള്‍  ഇത്രയും  എത്തിയപ്പോള്‍ കുഞ്ഞിരാമന്‍  തുണപോകാന്‍ നിര്‍ബന്ധിതനായി. വഴിയില്‍ വച്ച് ജോനകന്‍മാര്‍ കൂട്ടമായി വന്ന് അവളെ തട്ടിക്കൊണ്ടുപോകുമോ എന്നയാള്‍ ഭയപ്പെട്ടു. അതുകൊണ്ടയാള്‍ മടിച്ചു നിന്നപ്പോള്‍ ഉണ്ണിയാര്‍ച്ച  തനിയെ പുറപ്പെട്ടു. കുറച്ച് ദൂരം പിന്നിട്ടപ്പോള്‍ അരികില്‍ കണ്ട ആല്‍ത്തറയില്‍ അവള്‍ കുറച്ചുനേരം വിശ്രമിച്ചു. അപ്പോഴേക്കും ഗത്യന്തരമില്ലാതെ കുഞ്ഞിരാമന്‍  അവിടേക്കെത്തിച്ചേര്‍ന്നു. പിന്നീട് അല്ലിമലര്‍ക്കാവിലേക്കുള്ള യാത്ര അവരിരുവരും ഒരുമിച്ചായി.

ഉണ്ണിയാര്‍ച്ച  ജോനകരോടേറ്റുമുട്ടുന്നു

അവര്‍ കുറേദൂരം പിന്നിട്ടപ്പോള്‍ ജോനകരുടെ താവളമെത്തി. ജോനകരെ കണ്ട കുഞ്ഞിരാമന്‍  എലിയെപ്പോലെ നിന്നുവിറക്കാന്‍ തുടങ്ങി.ഇത് കണ്ട ഉണ്ണിയാര്‍ച്ച  പറഞ്ഞു:

” പെണ്ണായ ഞാന്‍ വിറക്കുന്നില്ല എങ്കിലും ആണായ നിങ്ങളെന്തേ ഇങ്ങനെ വിറക്കുന്നു .”

കുഞ്ഞിരാമന്‍  ഒന്നും  പറഞ്ഞില്ല. ജോനകരുടെ സമിപത്തെത്തിയപ്പോള്‍ അവര്‍ ഉണ്ണിയാര്‍ച്ചയെ തടഞ്ഞു. കുഞ്ഞിരാമന്‍  അപ്പോഴും നിന്നു വിറക്കുകയായിരുന്നു.കുഞ്ഞിരാമനോടവള്‍ ചോദിച്ചു:

” പുത്തൂരം  വീട്ടിലെ  പെണ്ണുങ്ങള്‍  ആണുങ്ങളെ കൊല്ലിച്ച കഥ നിങ്ങള്‍ കേട്ടിട്ടുണ്ടോ? ”

അപ്പോഴേക്കും ജോനകര്‍ അവരുടെ  അടുത്തെത്തിക്കഴിഞ്ഞിരുന്നു. വടിയും ആയുധങ്ങളുമായി അവര്‍ ചുറ്റിലും വളഞ്ഞു.

” ഇവനെ പിടിച്ചുകെട്ടിയിട്ട് ഇവളുമായി നമുക്ക് പോകാം ”
ഇടയില്‍  നിന്നൊരുത്തന്‍ വിളിച്ചുപറഞ്ഞു.ഇത് കേട്ടയുടനെ തന്റെ ആഭരണങ്ങളെല്ലാം അഴിച്ച് അവര്‍ക്ക് മുമ്പില്‍ വച്ച് ജോനകോരോടായി  ഉണ്ണിയാര്‍ച്ച  പറഞ്ഞു:

”പൊന്നിനാണ് നിങ്ങള്‍ വന്നതെങ്കില്‍ ആനത്തലയോളം പൊന്നിതാ എടുത്തോളൂ”

ജോനകര്‍ പരിഹാസച്ചിരിയോടെ പറഞ്ഞു:

”ഞങ്ങളുടെ  മൂപ്പന് കൊതി പൊന്നിലല്ല പെണ്ണിലാണ് ”

ഇതുകേട്ട ഉണ്ണിയാര്‍ച്ച  കലിപൂണ്ടു വിറച്ചു.അവള്‍ അരയും തലയും മുറുക്കി മേല്‍മുണ്ട് ചുറ്റിക്കെട്ടി അരമുറുക്കി. എന്നിട്ട്  അരയില്‍ കരുതിയിരുന്ന ഉറുമിയെടുത്ത് വീശി അങ്കച്ചുവടുവച്ച് അവരുടെ  നേരെ ചാടി വെല്ലുവിളിച്ചു:

” എടാ ഒന്നിനും  കൊള്ളാത്തവരെ എന്നോടാശയുള്ളവര്‍ എന്റെ കൈപിടിച്ച് തടുക്കാന്‍ ചുണയുള്ളവര്‍ വരിനെടാ….തല്ലിനോ അടിക്കോ ആണെങ്കിലും ഉശിരുള്ളവര്‍ ഉണ്ടെങ്കില്‍  വാ ഞാന്‍ തയ്യാര്‍ – നിങ്ങള്‍ ജോനകരെ നിലയ്ക്കുനിര്‍ത്താന്‍ തന്നെയാണ്  ഞാന്‍ വന്നത് ”

അങ്കക്കലികൊണ്ട് ആലിലപോലെ ആവേശംകൊണ്ട് വിറച്ച് ഉണ്ണിയാര്‍ച്ച  മുന്നോട്ടും പിന്നോട്ടും ചുവടുവച്ച് നീങ്ങി. കുതിരപ്പാച്ചിലില്‍ അവളുടെ  ഉറുമിത്തലകൊണ്ട് ജോനകരില്‍ പലരും വീണു. പകച്ചുനിന്ന ജോനകരെ വിടാതെ ആക്രമിച്ചുകൊണ്ടാവേശത്തില്‍ അവള്‍ വിളിച്ചുപറഞ്ഞു:

” പുത്തൂരം  വീട്ടിലെ ആരോമല്‍ ചേകവരുടെ  നേര്‍പെങ്ങള്‍ ആറ്റുംമണമ്മേലെ ഉണ്ണിയാര്‍ച്ചയാണു ഞാന്‍!  പൊരുതാന്‍ കെല്പുള്ളവര്‍  ആരെങ്കിലും  ഇനി യുമുണ്ടോ? ”

ഇത് കേട്ട ജോനകര്‍ നിച്ഛലരായി.കുഞ്ഞിരാമന്‍  അവളുടെ  പോരാട്ടം നോക്കി അത്ഭുതപരവശനായി നിന്നു. ജോനകര്‍ പഞ്ഞി കാറ്റത്ത് പറക്കുന്നപോലെ മൂപ്പന്റെയടുത്ത് പാഞ്ഞെത്തി  ഉണ്ടാായ സംഭവങ്ങള്‍ വിവരിച്ചു. ഭയന്ന് വിറച്ച മൂപ്പന്‍ ഓടിവന്ന്  കാഴ്ചകള്‍ വച്ച് ഉണ്ണിയാര്‍ച്ചയുടെ കാല് പിടിച്ച് മാപ്പുപറഞ്ഞു.
അങ്ങനെ വിടന്മാരായ ജോനകരെ നിലയ്ക്ക്  നിര്‍ത്തി പുതിയ  ചരിത്രം കുറിച്ചു. 
കടത്തനാടന്‍  കളരിയില്‍ ഒരു വീരാംഗനയുടെ പുതിയ  ചരിത്രം.

ആറ്റുംമണമ്മേലെ ഉണ്ണിയാര്‍ച്ച

K F Thomas Gurukkal